11:36pm 10 November 2026
NEWS
പട്ടികജാതി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല
06/08/2025  05:32 PM IST
nila
 പട്ടികജാതി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല

സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പട്ടികജാതി വിരുദ്ധ പരാമർശത്തിൽ പൊലീസ് കേസെടുക്കില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അടൂരിനെതിരെ കേസെടുക്കേണ്ടെന്ന നിലപാടെടുത്തത്. പ്രസം​ഗത്തിന്റെ പേരിൽ അടൂരിനെതിരെ കേസെടുക്കാനുള്ള സാഹചര്യമില്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. 

ദളിത് ആക്ടിവിസ്റ്റായ ദിനു വെയിലാണ് അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലും എസ്‌സി/ എസ്ടി കമ്മിഷനിലുമാണ് ദിനു പരാതി നൽകിയത്. നിയമോപദേശം ലഭിച്ചതോടെ മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലേക്കും തുടർനടപടികളിലേക്കും പോകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവന പിന്നാക്ക വിഭാഗത്തിൽപെട്ടവരെ അപമാനിക്കുന്നതാണെന്നാണ് പരാതിയിൽ പറഞ്ഞത്. അടൂരിനെതിരെ എസ്‌സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ദിനു ആവശ്യപ്പെട്ടിരുന്നു. ദിനു വെയിലിന്റെ പരാതിയിൽ കേസെടുക്കാനുള്ള സാഹചര്യമില്ലെന്നാണ് മ്യൂസിയം പോലീസിന് ലഭിച്ച നിയമോപദേശം. അടൂരിന്റെ പ്രസംഗത്തിൽ പട്ടികജാതി/പട്ടികവർഗ അവഹേളനം പ്രഥമദൃഷ്ട്യാ കണ്ടെത്താൻ കഴിയില്ല. അതിനാൽ എസ്‌സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കാൻ കഴിയില്ല എന്നുമാണ് നിയമോപദേശം.

പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടതെന്നാണ് അടൂർ കോൺക്ലേവിന്റെ സമാപന വേദിയിൽ പറഞ്ഞത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂർ പറഞ്ഞിരുന്നു. പിന്നാലെ അടൂരിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img